ന്യൂഡല്‍ഹി : കഴിഞ്ഞ ആഴ്ചയാണ് ചൈനീസ് വിദേശ കാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. ഡോക് ലാം തന്നെയാണ് ഒരു വര്‍ഷമായി ഇന്ത്യ-ചൈന ബന്ധത്തിലെ പ്രധാന വിഷയം. കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് പോയാല്‍ അത് ഇരു കൂട്ടര്‍ക്കും ഗുണകരമാകില്ല. അതിനാല്‍, വളരെ ശ്രദ്ധയോടെയാണ് ഇരു രാജ്യവും വിഷയം കൈകാര്യം ചെയ്യുന്നത്.
1917 ജൂണ്‍ 16നാണ് ഡോക് ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ചൈന ദക്ഷിണ ഡോക് ലാം മേഖലകളില്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതലാണത്. ഇന്ത്യന്‍ സൈന്യം ഇതിനെ ശക്തമായി എതിര്‍ത്തു. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കാനിടയുള്ള ഒരു കടന്നു കയറ്റമായിരുന്നു ഇത്.
2017, ജൂണ്‍ 20ന് ഭൂട്ടാന്‍ അംബാസിഡര്‍ ചൈനീസ് നീക്കത്തെ ശക്തമായി അപലപിച്ചു. ജൂണ്‍ 29ന് ഭൂട്ടാന്‍ വിദേശകാര്യമന്ത്രി പരസ്യ പ്രസ്ഥാവനയുമായി രംഗത്ത് വന്നു. ഭൂട്ടാന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ ചൈന നടത്തുന്ന നിര്‍മ്മാണം 1988 ലെയും 1998ലെയും ഉടമ്പടികള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
ചൈന, ഇന്ത്യ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ കൂടിച്ചേരുന്ന ഏറ്റവും നിര്‍ണ്ണായകമായ പ്രദേശമാണ് ഡോക് ലാം. ഇവിടുത്തെ നിര്‍മ്മാണങ്ങള്‍ ഭൂട്ടാനെ മാത്രമല്ല, ഇന്ത്യയോടുള്ള ചൈനയുടെ ധാരണകളെയും ഇല്ലാതാക്കുന്നു എന്നാണ് ഇന്ത്യയുടെ നിലപാട്. ചൈനയുടെ പ്ലാനനുസരിച്ച് ബംഗാള്‍ അതിര്‍ത്തിയിലേയ്ക്കുള്ളതാണ് റോഡ് നിര്‍മ്മാണം. ഇവിടെ ചൈനീസ് സൈനികര്‍ എത്തുന്നത് സില്‍ഗുരി ഇടനാഴിയിലടക്കം സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
2017, ജൂലൈ 7ന് ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങുമായി കൂടിക്കാഴ്ച നടത്തി. ഹാംബര്‍ഗിലെ ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാകും എന്ന് അന്നത്തെ കൂടിക്കാഴ്ചയില്‍ പ്രത്യാശ ഉണ്ടായിരുന്നു. 13 തവണയാണ് ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യന്‍ അമ്പാസിഡര്‍, വിദേശ കാര്യ സെക്രട്ടറി എന്നിവരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഡോക് ലാം പ്രദേശം ഭൂട്ടാന്റെ പരമാധികാരത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണെന്നാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന പ്രധാന കാര്യം. മൂന്ന് രാജ്യങ്ങളുടെയും അതിര്‍ത്തിയായ സ്ഥലത്ത് ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമാധാനന്തരീക്ഷം ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നാണ് ഇന്ത്യയുടെ രണ്ടാമത്തെ വാദം. 2012 ലെ ധാരണയനുസരിച്ച് മൂന്ന് രാജ്യങ്ങളെയും സമന്വയിപ്പിക്കുന്ന ഇവിടെ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ മൂന്ന് രാജ്യങ്ങളുടെയും സമ്മതം ആവശ്യമാണ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. നിരന്തരമായി ഉണ്ടാകുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ മറ്റുള്ള ആളുകള്‍ക്ക് നുഴഞ്ഞു കയറാനുള്ള അവസരം നല്‍കും. തുടങ്ങിയവയാണ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന പ്രധാന വാദങ്ങള്‍.
വിദേശകാര്യ മന്ത്രാലയത്തിന്റെ റെക്കോര്‍ഡുകള്‍ പ്രകാരം ചൈന ഭൂട്ടാന്‍ മേഖലയില്‍ നടത്തുന്ന നുഴഞ്ഞു കയറ്റങ്ങള്‍ 1966 മുതല്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഡോക് ലാമിലും ഇത് ആവര്‍ത്തിക്കുന്നു.
സാധാരണ, അതിര്‍ത്തിയില്‍ ചൈനീസ് പട്രോളിംഗ് 10 സൈനികരാണ് നടത്താറുള്ളത്. എന്നാല്‍ റോഡ് നിര്‍മ്മാണ സമയത്ത് ഇത് 80 പേരായി. നിരവധി നിര്‍മ്മാണ ഉപകരണങ്ങളും അവരുടെ പക്കല്‍ ഉണ്ടായിരുന്നു.
2007ല്‍ ഡോക്ലാമില്‍ ഇന്ത്യന്‍ ബങ്കറുകള്‍ ചൈനീസ് സൈന്യം തകര്‍ത്തിരുന്നു. എന്നാല്‍ 2017ലാണ് ആദ്യമായി മൂന്ന് രാജ്യങ്ങളുടെയും ജംഗ്ഷനില്‍ ഇന്ത്യന്‍ സുരക്ഷയ്ക്ക് വീഴ്ച സംഭവിയ്ക്കുന്ന തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
2017 ലെ സംഭവവികാസങ്ങള്‍ കഴിഞ്ഞ് ഒരു വര്‍ഷമായി. നാല് മാസങ്ങള്‍ക്ക് മുന്‍പ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയാണ് ഇതില്‍ പ്രധാനവും ഏറ്റവും ഒടുവിലത്തേതും. എല്ലാത്തരത്തിലുമുള്ള ഏറ്റുമുട്ടലുകളും ഒഴിവാക്കണമെന്ന് ഇരു വിഭാഗവും തങ്ങളുടെ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 21 ഔദ്യോഗിക- അനൗദ്യോഗിക ചര്‍ച്ചകളാണ് ഇത് വരെ നടന്നത്. കഴിഞ്ഞ ആഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വെയ് ഫെന്‍ഗീ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയിരുന്നു.