മരണത്തിന്റെ ‘മുഖത്ത് ചവിട്ടിയ’ ഇന്ത്യൻ ധീരതയ്ക്ക് ഭൂട്ടാൻ ജനതയുടെ ബിഗ് സല്യൂട്ട്

മ്മള്‍ ഉറങ്ങുമ്പോള്‍ ഉറങ്ങാതെ കാവലിരിക്കുന്ന സൈന്യത്തില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് ഉറങ്ങുന്ന ഒരു രാജ്യമുണ്ട് . . ഭൂട്ടാന്‍ ! സൈനികമായി അശക്തരായ കൊച്ചു ഭൂട്ടാന്‍…

ലോക ശക്തികളെ ചങ്കുറപ്പ് കൊണ്ട് വെല്ലുവിളിച്ച ക്യൂബയുടെയും വിയറ്റ്‌നാമിന്റെയുമെല്ലാം ധൈര്യം സ്വപ്നത്തില്‍ പോലും ദര്‍ശിക്കാന്‍ പറ്റാത്ത രാജ്യമാണിത്.

എന്നാല്‍ ഇന്ത്യയുടെ ശക്തമായ പിന്തുണയില്‍ ചൈനക്ക് മുന്നില്‍ തല ഉയര്‍ത്തി തന്നെയാണ് ഇപ്പോള്‍ ഭൂട്ടാന്‍ നില്‍ക്കുന്നത്.

ദോക് ലാം മേഖലയില്‍ ഭൂട്ടാന്റെ മണ്ണില്‍ കയറി ചൈനീസ് പട്ടാളത്തെ വെല്ലുവിളിച്ച ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ട് നല്‍കുകയാണിപ്പോള്‍ ഭൂട്ടാന്‍ ജനത.

നാഥുല ചുരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ദോക് ലാം മേഖല സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 4500 മീറ്റര്‍ ഉയരത്തിലാണ്.

മനുഷ്യ ശരീരം ഐസ് കട്ടയായി മാറുന്ന പ്രദേശത്ത് ആധുനിക കവചങ്ങളേക്കാള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മനസ്സില്‍ എരിയുന്ന അഗ്‌നിയാണ് തണുപ്പിനെ തല്ലിക്കെടുത്തുന്നത്.

സമുദ്രനിരപ്പില്‍ നിന്നും കൂടിയ ഉയരത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സൈനികരെ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ മാറ്റി വിന്യസിച്ച് കൊണ്ടിരിക്കുകയാണ്.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ ചെറിയ അകലത്തില്‍ രണ്ട് നിരകളിലായി നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസത്തോളമായി.

അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ഒറ്റപ്പെട്ട ബങ്കറുകള്‍ അവര്‍ ആക്രമിക്കുക കൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇത് ചൈന ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

വന്‍ സൈനിക പടയേയും പീരങ്കി, മിസൈല്‍ തുടങ്ങി യുദ്ധ സംവിധാനങ്ങളും ചൈനയ്ക്ക് നേരെ നിരത്തി പ്രകോപനത്തിന് വന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ലോകരാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ച നടപടിയായിരുന്നു ഇത്. ഈ ധീരത കണ്‍മുന്നില്‍ കണ്ട് ഭൂട്ടാന്റെ കൊച്ചു സൈന്യത്തിനും ആവേശമായിരിക്കുകയാണിപ്പോള്‍.

ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ ഒരു വിധത്തിലുമുള്ള ചര്‍ച്ചയുമില്ല എന്ന നിലപാടിലാണ് ചൈന.

എന്നാല്‍ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞ് ചുട്ടമറുപടി നല്‍കുകയാണ് ഇന്ത്യ ചെയ്തത്. അതിര്‍ത്തിയില്‍ വിന്യസിക്കേണ്ട പീരങ്കികള്‍ പരീക്ഷിച്ചും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കയുമായും ജപ്പാനുമായും ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തിയും ചൈനയെ ഇന്ത്യ മുള്‍മുനയില്‍ നിറുത്തിയിരിക്കുകയാണ്.

Top