ന്യൂഡല്‍ഹി : ദോക് ലാമില്‍ സംഘാര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ സൈനിക വാഹനങ്ങള്‍ക്കും സൈനികര്‍ക്കും എളുപ്പത്തില്‍ എത്തുന്നതിനായി ഇന്ത്യ റോഡ് നിര്‍മ്മാണം ദ്രുതഗതിയിലാക്കി.
ഇതിനായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്( ബി.ആര്‍.ഒ) കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി.
ഇന്ത്യ-ചൈന ബോര്‍ഡര്‍ റോഡ്‌സ് (ഐസിബിആര്‍) പ്രോജക്ടിന്റെ കീഴില്‍ 61 തന്ത്രപ്രധാന റോഡുകള്‍ നിര്‍മിക്കുന്നതിനാണ് കേന്ദ്രത്തിന്റെ പദ്ധതി.
നേരത്തെ അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം വൈകുന്നതിനെതിരെ കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റ് ജനറല്‍ രംഗത്തെത്തിയിരുന്നു.
അതിര്‍ത്തിയില്‍ ബിആര്‍ഒ 63 റോഡുകളുടെ പ്രോജക്ടുകളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലൂടെ 3,409 കിലോമീറ്റര്‍ റോഡാണ് ബിആര്‍ഒ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഇതുവഴി നിര്‍മാണത്തിനായുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ 100 കോടി വരെ ചെലവഴിക്കാന്‍ ബിആര്‍ഒ ഡയറക്ടര്‍ ജനറലിന് അധികാരം ലഭിക്കും.
നിലവില്‍ 10.5 കോടി മാത്രമാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. തദ്ദേശീയമായ യന്ത്രങ്ങളും സാമഗ്രികളും വാങ്ങാന്‍ 705 കോടി വിനിയോഗിക്കാം. മാത്രമല്ല ദേശീയപാത അതോറിറ്റിയെപ്പോലെയോ വമ്പന്‍ നിര്‍മാണ കമ്പനികളെ റോഡ് നിര്‍മാണം ഏല്‍പ്പിക്കാനുള്ള അനുമതിയും ബിആര്‍ഒയ്ക്കു ലഭിക്കും.
ദോക് ലാമിലെ സംഘര്‍ഷത്തിനു കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ജൂണ്‍ 16 മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. നിലവില്‍ ഇന്ത്യചൈന സേനകള്‍ മുഖാമുഖം നില്‍ക്കുന്ന സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്.
ലഡാക്കിലും ചൈനീസ് സേനയും ഇന്ത്യന്‍ സേനയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്ത്യയുടെ നീക്കങ്ങളെ ചൈനയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.