ദോക് ലാം വിഷയം ഗുരുതരമല്ല, വേണ്ടത് സമാധാന ചര്‍ച്ച : ദലൈലാമ

ന്യൂഡല്‍ഹി: ദോക് ലാം വിഷയം അത്ര ഗുരുതരമല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന പരമായ ചര്‍ച്ചയാണ് പ്രശ്‌ന പരിഹാരത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഠിനമായ പദപ്രയോഗങ്ങള്‍ക്കു പകരം ‘ഹിന്ദി ചീനി ഭായി ഭായി’ എന്ന മുദ്രാവാക്യമാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കേണ്ടതെന്നും ദലൈലാമ വ്യക്തമാക്കി.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ്, അതിര്‍ത്തി പ്രശ്‌നം യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന പ്രതീക്ഷ ഉണ്ടെന്നും ദലൈലാമ സൂചിപ്പിച്ചു.

എന്നാല്‍, ചൈനയുടെ പേരെടുത്തു പറയാതെ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യ രാജ്യമാണതെന്ന് ദലൈലാമ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ തനിക്കിഷ്ടമല്ല. താന്‍ ജനാധിപത്യത്തിന്റെ ആരാധകനാണെന്നും ഇന്ത്യയിലെ ടിബറ്റന്‍ പൗരന്‍മാര്‍ ജനാധിപത്യ രീതികള്‍ പരിശീലിക്കുന്നവരാണെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണ്‍ 16ന് ചൈന, ദോക് ലാം മേഖലയില്‍ റോഡു നിര്‍മാണം തുടങ്ങിയതു മുതലാണ് പ്രശ്‌നങ്ങളുടെ ആരംഭം.

ഇന്ത്യ അന്യായമായി തങ്ങളുടെ മേഖലയില്‍ കടന്നു കൂടിയതെന്നാണ് ചൈനയുടെ വാദം.

400 പേരടങ്ങുന്ന ഒരു ട്രൂപ്പ് സൈന്യത്തെയാണ് ഇവിടെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.

ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.

ദോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാവാത്ത ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ചൈന കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

ഇന്ത്യയോട് പരമാവധി സൗമനസ്യം കാട്ടിയിരിക്കുകയാണെന്നു പറഞ്ഞ ചൈന, സംയമനത്തിന് അതിന്റെ പരിധിയുണ്ടെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

Top