മുംബൈ: രൂപയുടെ മൂല്യമിടിവ് തുടരുന്നു. ഉച്ചയ്ക്ക് 12.40ഓടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.07ലെത്തി.
ബുധനാഴ്ചയിലെ ക്ലോസിങ് നിരക്കായ 71.76ല്‍ നിന്ന് 0.40 ശതമാനമായിരുന്നു ഇടിവ്. അസംസ്‌കൃത എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.
ഈവര്‍ഷം ജനുവരി ഒന്നിനും, സെപ്റ്റംബര്‍ നാലിനുമിടയില്‍ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. യുഎസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രാജ്യത്തെ കറന്‍സിക്ക് തിരിച്ചടിയായി. ഇറക്കുമതിയിലും ബാങ്കുകളിലും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
യുഎസ് പലിശ നിരക്കുകള്‍ ഉയരുമെന്ന ഭയവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി. മറ്റ് രാജ്യങ്ങളിലെയും കറന്‍സിയുടെ മൂല്യം ഇടിയുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഒരു ഡോളര്‍ ലഭിക്കാന്‍ 80 രൂപ നല്‍കേണ്ടി വന്നാലും സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം ഉണ്ടാവില്ലെന്നായിരുന്നു മന്ത്രാലയം സൂചിപ്പിച്ചത്.