മുംബൈ: തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ നാല് പൈസ കുറഞ്ഞ് 73.06 ലേക്ക് എത്തി. ഇന്റര്‍ബാങ്ക് വിദേശനാണ്യത്തില്‍ ഡോളറിനെതിരെ 73.02 ന് വ്യാപാരത്തിലേക്ക് കടന്ന രൂപ പിന്നീട് 73.06 ലേക്ക് താഴ്ന്നു. മുമ്പത്തെ ക്ലോസിനേക്കാള്‍ നാല് പൈസ ഇടിവാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ 73.02 എന്ന നിലയിലായിരുന്നു. ആറ് കറന്‍സികളുടെ ബാസ്‌ക്കറ്റിനെതിരെ ഡോളര്‍ കരുത്ത് കാട്ടി. ഡോളര്‍ സൂചിക 0.18 ശതമാനം ഉയര്‍ന്ന് 92.20 ലെത്തി. ആഭ്യന്തര ഇക്വിറ്റികളിലെ റാലിയും വിദേശ ഫണ്ട് പ്രവാഹവും രൂപയെ പിന്തുണയ്ക്കുന്നുവെന്നും മൂല്യത്തകര്‍ച്ച കൂടുതല്‍ ഉയരാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര ഇക്വിറ്റി വിപണി നേട്ടത്തിലാണ്. എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 58,515.85 ലേക്ക് വരെ വിപണി കുതിച്ചുകയറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 274.79 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് 58,404.74 ല്‍ എത്തി. വിശാലമായ എന്‍എസ്ഇ നിഫ്റ്റി 74.70 പോയിന്റ് അഥവാ 0.43 ശതമാനം ഉയര്‍ന്ന് 17,398.30 ലെത്തി. പ്രാരംഭ ഡീലുകളില്‍ സൂചിക 17,429.55 എന്ന ദിവസത്തെ ഉയരത്തിലെത്തിയിരുന്നു.
അതേസമയം, വിദേശ സ്ഥാപന നിക്ഷേപകര്‍ വെള്ളിയാഴ്ച മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായിരുന്നു. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 768.58 കോടി രൂപയുടെ ഓഹരികള്‍ എഫ്‌ഐഐകള്‍ വാങ്ങി. ആഗോള എണ്ണ ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 1.06 ശതമാനം ഇടിഞ്ഞ് 71.84 യുഎസ് ഡോളറിലെത്തി.