രാജ്യത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെയും തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വിസ് വീണ്ടും പുനരാരംഭിച്ചു. നീണ്ട രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങിയത്. ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് ഇന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ആന്ധ്രയില്‍ നാളെയും ബംഗാളില്‍ വ്യാഴാഴ്ചയുമായിരിക്കും സര്‍വീസ് തുടങ്ങുക. ഡല്‍ഹിയില്‍ നിന്ന് 380 വിമാന സര്‍വീസുകളാണ് ഉണ്ടാകുക.

ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്ര കൂടാതെ പശ്ചിമബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍നിന്ന് പിന്നീട് മഹാരാഷ്ട്ര പിന്മാറി. മുംബൈയില്‍നിന്നും തിരിച്ചും 25 വിമാന സര്‍വിസുകള്‍ക്ക് തിങ്കളാഴ്ച അനുമതി നല്‍കുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്ക് വ്യക്തമാക്കുകയായിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ഇനിയും സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ ആരംഭിക്കാനുള്ള തീരുമാനം.

കര്‍ശന ഉപാധികളോടെയാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചത്. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. യാത്ര ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും യാത്രക്കാര്‍ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാകണം. രോഗലക്ഷണമില്ലാത്തവരെ മാത്രമേ യാത്രക്കായി അനുവദിക്കൂ. എല്ലാ ഘട്ടത്തിലും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, കേരളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ വീട്ടുനിരീക്ഷണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top