ന്യുഡല്‍ഹി: സമ്പദ്ഘടനയുടെ വളര്‍ച്ച പ്രവചിച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പ്പാദനമാണ് സ്റ്റാന്‍ലി പ്രവചിച്ചത്. ആഗോള ധനകാര്യ സേവന കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കുകൂട്ടല്‍ പ്രകാരം രാജ്യത്തിന്റെ ആഭ്യന്തര ഉത്പ്പാദനം (ജിഡിപി) 7.5 ശതമാനത്തിലേക്ക് ഉയരും.
ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകതയും കയറ്റുമതിയും വര്‍ധിച്ചത് ഇന്ത്യയെ സംബന്ധിച്ച് സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ ഉപകരിക്കുന്ന ഘടകങ്ങളാണെന്ന് സ്റ്റാന്‍ലി പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ജനുവരി മാര്‍ച്ച്) ഇന്ത്യയ്ക്ക് 7.7 ശതമാനം വളര്‍ച്ച കൈവരിക്കാനായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-18) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ആയിരുന്നു. മാനുഫാക്ച്ചറിങ്, സേവന മേഖലകള്‍ മെച്ചപ്പെട്ടതും കാര്‍ഷിക മേഖലയില്‍ നിന്നുളള ഉല്‍പ്പാദനം രാജ്യത്ത് വര്‍ധിച്ചതും ജനുവരി മാര്‍ച്ച് ആദ്യ പാദത്തില്‍ ജിഡിപിയെ വലിയ തോതില്‍ ഉയര്‍ച്ചയിലേക്ക് നയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി തുടങ്ങിയ സമ്പദ്ഘടനയെ ശ്വാസം മുട്ടിക്കുന്ന ഘടകങ്ങളെ വരുതിയിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്.