റായ്പുര്‍: നിരന്തരമായ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും വാടക കൊലയാളികളും പിടിയില്‍. ഛത്തീസ്ഗഢിലെ ബസന്ത്പുര്‍ സുര്‍ഗി സ്വദേശി ധനേഷ് സാഹുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുമ്രീതിനെയും മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാക്കള്‍ ധനേഷ് സാഹുവിന്റെ സുഹൃത്തുക്കളാണെന്നും സുമ്രീതില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് ഇവര്‍ കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് ഒന്നാം തീയതിയാണ് ധനേഷ് സാഹുവിനെ വിജനമായ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാരകമായി പരിക്കേറ്റ് വികലമായ നിലയിലായിരുന്നു മൃതദേഹം. മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്ന് യുവാവിന്റെ ബൈക്കും പൊലീസ് കണ്ടെടുത്തു. തുടര്‍ന്നാണ് പൊലീസിന്റെ പ്രത്യേകസംഘം വിശദമായ അന്വേഷണം ആരംഭിച്ചത്.
കൊല്ലപ്പെട്ട ധനേഷ് സാഹുവിനെ അവസാനമായി കണ്ടത് മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ യുവാവിന്റെ മൂന്ന് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ധനേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഭാര്യയാണെന്ന് ഇവര്‍ വെളിപ്പെടുത്തിയതോടെ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്നാണ് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതില്‍ കലി പൂണ്ടാണ് ഭര്‍ത്താവിനെ കൊല്ലന്‍ പദ്ധതിയിട്ടത്. ഇതിനായി ഭര്‍ത്താവിന്റെ മൂന്ന് സുഹൃത്തുക്കളെ തന്നെ ബന്ധപ്പെട്ടു. ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി ഏഴായിരം രൂപ നല്‍കിയെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.
സുമ്രീതിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത യുവാക്കള്‍ ഓഗസ്റ്റ് ഒന്നാം തീയതി ധനേഷിനെ മദ്യപിക്കാനായി ക്ഷണിക്കുകയായിരുന്നു. മദ്യപിച്ചതിന് പിന്നാലെ മൂവരും ചേര്‍ന്ന് ധനേഷിനെ ക്രൂരമായി മര്‍ദിച്ച് കൊന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഗ്രാമത്തിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു.