വാഷിംഗ്ടണ്‍: മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പ് വീണ്ടും. ലോകത്തെ 27 ശതമാനം മുസ്ലീങ്ങളും തീവ്രവാദികളാണെന്ന് ഡൊണാള്‍ഡ് ട്രമ്പ് ആരോപിച്ചു. 35 ശതമാനം പേര്‍ വരെ ഇതിലേയ്ക്ക് തിരിയാനുള്ള സാദ്ധ്യതയുണ്ടെന്നും ട്രമ്പ് പറഞ്ഞു.
ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിനിടെയാണ് ട്രമ്പിന്റെ വിവാദ പരാമര്‍ശം. ഒന്നിന് പിറകെ ഒന്നായി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയാണ് ഡൊണാള്‍ഡ് ട്രമ്പ് ശ്രദ്ധ പിടിച്ചു പറ്റിയത്. നേരത്തെ മുസ്ലീങ്ങളെ അമേരിക്കയിലേയ്ക്ക് പ്രവേശിപ്പിയ്ക്കരുതെന്നും അവരെ നാട് കടത്തണമെന്നുമുള്ള ട്രമ്പിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
ഇസ്ലാമിന് അമേരിക്കയെ വെറുപ്പാണെന്നും അമേരിക്കയെ വെറുക്കുന്നവരെ ഇവിടെ വച്ചു പൊറുപ്പിയ്ക്കാനാവില്ലെന്നും ട്രമ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്ലാമിക ഭീകരവാദം ലോകത്താകെ വളരുകയാണെന്നും ഡൊണാള്‍ഡ് ട്രമ്പ് അഭിപ്രായപ്പെട്ടു.
അത്രയ്ക്ക് ഭീകരമായ വെറുപ്പാണ് നിലനില്‍ക്കുന്നതെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ മുസ്ലീം വിരുദ്ധ, കുടിയേറ്റവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദമുണ്ടാക്കി കൊണ്ടിരിക്കുന്ന ട്രമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട മത്സരത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിയ്ക്കുമെന്നാണ് കരുതുന്നത്.