കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് ട്രംപ്

Trump

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇമ്രാന്‍ ഖാനും നരേന്ദ്രമോദിയും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ അതിന് തയ്യാറാണെന്നും അത് തന്നെക്കൊണ്ട് സാധിക്കുമെന്നും ട്രംപ് പറഞ്ഞു.

തിങ്കളാഴ്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്.

‘എനിക്ക് പാക്കിസ്ഥാനെ വിശ്വാസമാണ്. കശ്മീര്‍ ജനതയ്ക്ക് നല്ല ജീവിതസാഹചര്യം ഉണ്ടാവണമെന്നാണ് ആവശ്യം. നരേന്ദ്രമോദിയുമായും ഇമ്രാന്‍ ഖാനുമായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഒരു പ്രശ്നം പരിഹരിക്കാന്‍ അവര്‍ രണ്ടുപേരും ആവശ്യപ്പെടുകയാണെങ്കില്‍ അതിന് തയ്യാറാണ്. ഞാന്‍ ഒരു നല്ല മധ്യസ്ഥനാണെന്നാണ് കരുതുന്നത്’-ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൂസ്റ്റണില്‍ വേദി പങ്കിട്ടതിന് പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യറാണെന്ന് ഇതിന് മുമ്പ് രണ്ട് പ്രാവിശ്യം ട്രംപ് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമായിരുന്നു ഇന്ത്യയുടെ ഉറച്ച നിലപാട്.

Top