ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്

ജനീവ: ആണവ ഭീഷണി തുടര്‍ച്ചയായി മുഴക്കുന്ന ഉത്തരകൊറിയയെ തകര്‍ക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

കിം ജോങ് ഉന്‍ ആത്മഹത്യാപരമായ നീക്കമാണ് നടത്തുന്നതെന്നും അത്തരം നീക്കങ്ങളില്‍ നിന്നു പിന്‍മാറിയില്ലെങ്കില്‍ പ്യോംഗ്യാംഗിനെ തകര്‍ക്കുമെന്നും യുഎന്‍ പൊതുസഭയില്‍ യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം ട്രംപ് നടത്തിയ ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കി.

ഉത്തരകൊറിയ യുഎന്നിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആണവ ബോംബുകള്‍ പരീക്ഷിക്കുകയാണ്. റോക്കറ്റ് മാന്‍(കിം ജോങ് ഉന്നിനെ ട്രംപ് പരിഹസിക്കുന്ന പേര്) മരണക്കളിയാണു കളിക്കുന്നത്. ഉത്തരകൊറിയ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ആണവ നിലപാടുകളില്‍ നിന്നു പിന്‍മാറിയില്ലെങ്കില്‍ പ്യോംഗ്യാംഗിനെ തകര്‍ക്കാന്‍ യുഎസിനറിയാം. അമേരിക്കയ്ക്ക് എത്രത്തോളം ശക്തിയുണ്ടോ അത്രത്തോളം ക്ഷമയുമുണ്ട്. രമ്യമായ പരിഹാരത്തിന് സാധ്യതയുണ്ടോ എന്നാണ് നോക്കുന്നതെന്നും ട്രംപ് പറഞ്ഞു.

പ്രസംഗത്തിനിടെ യുഎന്നിനെ വിമര്‍ശിക്കാനും ട്രംപ് സമയം കണ്ടെത്തി. ചില രാജ്യങ്ങള്‍ കലാപങ്ങളെയും ഭീഷണികളെയും തുടര്‍ന്നു നരകമാകുന്പോള്‍ ഐക്യരാഷ്ട്രസഭ കാഴ്ചക്കാരനായിരിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചു.

Top