ബിസ്മാര്‍ക്: ഈ വര്‍ഷം നവംബര്‍ നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് മത്സരിക്കും.
അമേരിക്കയിലെ അന്‍പത് സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ നിശ്ചിത എണ്ണം പ്രതിനിധികളുടെ (ഡെലിഗേറ്റുകള്‍) പിന്തുണ നേടുന്ന ആളാണ് നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യു.എസ്.പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാവുക.
ട്രംപ് അടക്കം 16 പേരാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ മത്സരിച്ചത്. ഇതില്‍ 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേടുന്ന വ്യക്തിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കാം.
ജൂണ്‍ 7ന് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി പ്രൈമറികള്‍ നടക്കാനിരിക്കേ, ഇതിനോടകം 1239 പ്രതിനിധികളുടെ പിന്തുണ നേടിയെടുക്കാന്‍ ട്രംപിന് സാധിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയാവാനുള്ള മത്സരത്തില്‍ ട്രംപിന്റെ മുഖ്യഎതിരാളിയായിരുന്ന ടെഡ് ക്രൂസടക്കമുള്ളവരാക്കട്ടെ പരാജയം ഉറപ്പിച്ച് മത്സരരംഗത്ത് നിന്ന് പിന്‍മാറിയ മട്ടാണ്.
പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ തനിക്ക് നേടിയെടുക്കാന്‍ സാധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ എതിരാളിയാവുമെന്ന് കരുതപ്പെടുന്ന ഹിലാരി ക്ലിന്റെന് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിത്വം ഇതുവരെ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് പരിഹസിച്ചു.
ആഗോള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ട്രംപ് അമേരിക്കയിലെ അതിസമ്പന്നരില്‍ ഒരാള്‍ കൂടിയാണ്. പ്രസിഡന്റെ ആവുന്ന പക്ഷം ശമ്പളമായി ഒരു ഡോളര്‍ പോലും കൈപ്പറ്റില്ലെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രചരണത്തിനിടെ ട്രംപ് നടത്തിയ മുസ്ലീംവംശീയവിരുദ്ധ പ്രസ്താവനകള്‍ ആഗോള തലത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.