മെക്‌സിക്കന്‍ മതില്‍: ട്രംപിന്റെ പ്രസംഗത്തിന് ഇടങ്കോലിട്ട് പെലോസി; യാത്ര മുടക്കി തിരിച്ചടിച്ചു

അമേരിക്ക: യുഎസില്‍ മെക്‌സിക്കന്‍ മതിലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്പീക്കര്‍ നാന്‍സി പെലൊസിയും തമ്മില്‍ പോര് കനക്കുന്നു. കോണ്‍ഗ്രസില്‍ വാര്‍ഷിക പ്രസംഗം നടത്തുന്നതില്‍ നിന്ന് ട്രംപിനെ പെലോസി തടഞ്ഞപ്പോള്‍, സ്പീക്കറുടെ അഫ്ഗാന്‍ സന്ദര്‍ശനം തടഞ്ഞ് ട്രംപ് തിരിച്ചടിച്ചിരിക്കുകയാണ്.

യുഎസ് കോണ്‍ഗ്രസില്‍ വാര്‍ഷിക പ്രഭാഷണം നടത്താനുള്ള ട്രംപിന്റെ അവകാശത്തെ ഡെമോക്രാറ്റ് അംഗം കൂടിയായ സ്പീക്കര്‍ പെലൊസി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കേ, വാര്‍ഷിക പ്രസംഗം നീട്ടിവയ്ക്കുന്നതാകും നല്ലതെന്നായിരുന്നു പെലോസ് അഭിപ്രായപ്പെട്ടത്.

പെലൊസിയുടെ അഭിപ്രായത്തിനെതിരെ ശക്തമായി തിരിച്ചടിച്ച ട്രംപ് ബ്രസല്‍സും അഫ്ഗാനും സന്ദര്‍ശിക്കാനുള്ള പെലോസിയുടെ നീക്കത്തിന് തടയിട്ടു. പെലൊസിക്ക് അമേരിക്കയുടെ സൈനിക വിമാനം നിഷേധിച്ച ട്രംപ്, അതിര്‍ത്തി സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തില്‍ സഹകരിക്കാന്‍ പെലോസി വാഷിംഗ്ടണില്‍ തുടരുന്നതാണ് നല്ലതെന്ന് തിരിച്ചടിച്ചു. സ്വകാര്യ സന്ദര്‍ശനവുമായി പെലോസിക്ക് മുന്നോട്ടുപോകാവുന്നതാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തെ ചൊല്ലി അമേരിക്കയില്‍ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മില്‍ തുടരുന്ന പോരാട്ടം വഴിത്തിരിവിലേക്ക് നീങ്ങുകയാണിപ്പോള്‍. പോരിനിടയിലും യുഎസില്‍ ട്രഷറി സ്തംഭനം തുടരുകയാണ്. രാജ്യത്തെ എട്ട് ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ വേതനമില്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലാണ്.

Top