‘എന്തൊരു അസംബന്ധ ചോദ്യമാണിത്’ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് നേ​രെ വീ​ണ്ടും ട്രം​പി​ന്‍റെ രോഷ​പ്ര​ക​ട​നം

വാഷിംഗ്ടണ്‍: സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകനു നേരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ടംപിന്റെ രോഷപ്രകടനം. യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിനുവേണ്ടി റഷ്യ ഇടപെട്ടെന്ന ആരോപണം സംബന്ധിച്ച അന്വേഷണം പിന്‍വലിക്കണമെന്ന് പുതിയ അറ്റോര്‍ജി ജനറലിനോട് ആവശ്യപ്പെട്ടിരുന്നോ എന്ന റിപ്പോര്‍ട്ടര്‍ എബി ഫിലിപ്പിന്റെ ചോദ്യമാണ് ട്രംപിനെ രോഷം കൊള്ളിച്ചത്.

എന്തൊരു അസംബന്ധ ചോദ്യമാണിത്, താങ്കളെ നേരത്തെയും താന്‍ ശ്രദ്ധിച്ചിരുന്നു. താങ്കള്‍ അസംബന്ധ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ട്രംപ് എബി ഫിലിപ്പിനോട് പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

നേരത്തെ ട്രംപിനോട് വാര്‍ത്താസമ്മേളനത്തിനിടെ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കിയിരുന്നു. യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജിം അകോസ്റ്റയെന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി എടുത്തത്.

മധ്യ അമേരിക്കയില്‍നിന്നുള്ള കുടിയേറ്റ വിഷയത്തെക്കുറിച്ച് ജിം നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ജിം ഏറ്റവും മോശവും ഭയാനകവുമായ വ്യക്തിയാണെന്ന് ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെ യുവ ഉദ്യോഗസ്ഥ ജിമ്മിന്റെ അടുത്തേക്ക് വരികയും മൈക്ക് പിടിച്ചു വാങ്ങുവാനും ശ്രമിക്കുകയായിരുന്നു.

Top