കോവിഡ് ദുരിതാശ്വാസ ബില്ലുകളില്‍ ഒപ്പിട്ട് ട്രംപ്; ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

donald trump

വാഷിങ്ങ്ടണ്‍:കോവിഡ് 19 ദുരിതാശ്വാസ ബില്ലുകളില്‍ ഒപ്പിട്ട് ഡൊണാള്‍ഡ് ട്രംപ്. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒരാഴ്ചയോളം വൈകിയാണ് ഇപ്പോള്‍ ബില്‍ പാസാക്കിയിരിക്കുന്നത്.

കോവിഡ് 19 മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇത്തവണ വര്‍ധിപ്പിച്ചതായും വൈറ്റ്ഹൗസ് അറിയിച്ചു. കൊവിഡ് 19 ബാധിച്ചവര്‍ക്ക് വളരെ പെട്ടന്ന് ചികിത്സ നല്‍കാനും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുമുള്ള പദ്ധതിയും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ദുരിതാശ്വാസ ബില്ലുകളുമായി ബന്ധപ്പെട്ട് നല്ലൊരു വാര്‍ത്തയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുമെന്നും ബില്ലുകള്‍ ഒപ്പിട്ടതിന് ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ക്രിസ്തുമസ് ദിനങ്ങളില്‍ റിസോര്‍ട്ടില്‍ ഗോള്‍ഫ് കളിച്ച് സമയം ചിലവഴിച്ചിരുന്ന ട്രംപിനോട് എത്രയും പെട്ടെന്ന് ബില്ലുകളില്‍ ഒപ്പിടാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലുകളിലാണ് മാറ്റങ്ങള്‍ വരുത്തി ട്രംപ് ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലുകളിലെ അനാവശ്യ ഉടമ്പടികള്‍ താന്‍ എടുത്തു കളയുന്നുവെന്നും ട്രംപ് പറഞ്ഞു.

ബില്ലില്‍ നിന്ന് അനാവശ്യ കാര്യങ്ങളെ ഒഴിവാക്കാനുള്ള ട്രംപിന്റെ തീരുമാനം മികച്ചതാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി ജൂഡ് ഡെറി വ്യക്തമാക്കി. വാക്സിന്‍ വിതരണം, വ്യവസായം, സംരക്ഷണം എന്നീ കാര്യങ്ങള്‍ക്കാണ് ബില്ലില്‍ പ്രാധാന്യം നല്‍കുന്നത്.

Top