ട്രംപിന് കൊവിഡ്; പ്രതികരണം സമ്മിശ്രരീതിയില്‍

 

ഡോണള്‍ഡ് ട്രംപിന്‌റെ കോവിഡ് വാര്‍ത്തയോട് പലരീതിയില്‍ പ്രതികരിച്ച് ലോകം. സങ്കടവും സന്തോഷവും മുതല്‍ പരിഹാസം വരെ പ്രകടിപ്പിച്ചാണ് വാര്‍ത്തയോടുള്ള പ്രതികരണം. ലോക നേതാക്കള്‍ ട്രംപിന്റെ രോഗബാധയില്‍ അനുകമ്പ അറിയിച്ചു.

വെള്ളിയാഴ്ച്ചയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ആശങ്കയിലാണ്. മാത്രവുമല്ല, ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഓഹരിവിപണികളെ വരെയും ഇത് ബാധിച്ചിരിക്കുകയാണ്.

മിക്കരാജ്യങ്ങളിലും വാര്‍ത്തകളിലെ പ്രധാന തലക്കെട്ടായിരുന്നു ട്രംപിന്റെ രോഗവിവരം. പ്രിയ സുഹൃത്തും ഭാര്യയും എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടെയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറിച്ചു. ചൈനയില്‍ ഭരണതലത്തില്‍നിന്ന് ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ചൈനയിലെ ജനങ്ങള്‍ വെള്ളിയാഴ്ച ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതും ട്രംപിന്റെയും ഭാര്യയുടേയും രോഗവിവരമാണ്. ചൈനയുടെ സമൂഹമാധ്യമ ആപ്പായ വെയ്‌ബോയില്‍ ട്രംപിനെ പരിഹസിച്ചും വിമര്‍ശിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ട്രംപിന് അണുനശീകരണി സ്വയം കുത്തിവച്ചുനോക്കാനുള്ള അവസരമാണു വന്നിരിക്കുന്നതെന്ന് ജാപ്പനീസ് ഇന്റര്‍നെറ്റ് സംരംഭകന്‍ ഹിരോയുകി നിഷിമുറ പരിഹസിച്ചു.

Top