വാഷിംഗ്ടണ്‍: പത്ത് വര്‍ഷത്തിന് ശേഷം യുഎസ് സെനറ്റ് ഡെമോക്രാറ്റ്‌സിന്. ജോര്‍ജിയ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ റഫായേല്‍ വാര്‍നോക്ക്, ജോണ്‍ ഓസോഫ് എന്നിവര്‍ വിജയിച്ചതോടെയാണ് ഡെമോക്രാറ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചത്. ഇതോടെ ജനപ്രതിനിധിസഭയിലും, സെനറ്റിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടി. ഈ സാഹചര്യത്തില്‍ ജോ ബൈഡന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. കനത്ത തിരിച്ചടിയാണ് ഡൊണാള്‍ഡ് ട്രംപിന് ഉണ്ടായിരിക്കുന്നത്. ട്രംപിനെ പുറത്താക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.
ഔദ്യോഗിക പദവിയില്‍ തന്റെ അവസാന ദിവസങ്ങളിലേക്ക് അടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി വീണ്ടും ഇടിയുന്ന കാഴ്ചയാണ് അമേരിക്കയില്‍ കണ്ടത്. ചൊവ്വാഴ്ചയാണ് ജോര്‍ജിയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ സെനറ്റില്‍ ഇരു പാര്‍ട്ടികള്‍ക്കും 50 സീറ്റുകള്‍ വീതമായി. ഇന്ത്യന്‍ വംശജയായ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഉള്ള ഒരു കാസ്റ്റിംഗ് വോട്ട് കൂടിയാകുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് 51 ആകും.
പ്രധാന നിയമനങ്ങള്‍ക്കും നിയമപരമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനും ജോ ബൈഡന് മേധാവിത്തം നല്‍കാന്‍ ഈ ഭൂരിപക്ഷം സഹായിക്കും. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനം വോട്ട് ലഭിക്കാതെ വന്നതിനാലാണ് ജോര്‍ജിയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 40 ലക്ഷത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി.