വാഷിങ്ടൺ: അടുത്ത അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി മത്സരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വത്തിനായാണ് മത്സരിക്കുക.
‘അമേരിക്കയെ വീണ്ടും മഹത്വത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി, ഞാൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയാണ്’ എന്ന് ട്രംപ് പ്രസ്താവിച്ചു. ‘നമ്മുടെ രാജ്യം അനുഭവിക്കുന്ന വിഷമതകളുടെ പൂർണ്ണ വ്യാപ്തിയും ഗുരുതരാവസ്ഥയും ഇതുവരെ വോട്ടർമാർ തിരിച്ചറിഞ്ഞിട്ടില്ല’ എന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
എന്നാൽ 2024 ആകുമ്പോഴേക്കും ‘വോട്ടിംഗ് വളരെ വ്യത്യസ്തമായിരിക്കും’ എന്നും ട്രംപ് പ്രവചിച്ചു. മാർ-എ-ലാഗോയിൽ പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പുതന്നെ ട്രംപിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ ഫെഡറൽ ഇലക്ഷൻ കമ്മിറ്റിയിൽ എത്തിച്ചതായാണ് റിപ്പോർട്ടുകൾ. മുൻ യുഎസ് പ്രസിഡന്റായ ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.