അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സ്വീകരിക്കാനൊരുങ്ങുന്ന മൊട്ടേര സ്റ്റേഡിയത്തിന്റെ മുന്‍വശത്തെ കവാടം തകര്‍ന്നുവീണു. ട്രംപിന്റെ സന്ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ സംഭവം നടന്നത്. കാറ്റിലാണ് കവാടം തകര്‍ന്നത് എന്നാണ് ലഭിക്കുന്ന വിവരം.
സ്റ്റേഡിയത്തിന്റെ മുന്‍വശത്തെ സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ച് നിര്‍മിച്ച വിവിഐപി പ്രവേശനകവാടമാണ് തകര്‍ന്നുവീണത്. എന്നാല്‍, അല്‍പം കഴിഞ്ഞപ്പോള്‍ സ്റ്റേഡിയത്തിന്റെ മറ്റൊരു താല്‍ക്കാലിക കവാടവും തകര്‍ന്നു വീണു. രണ്ട് സംഭവങ്ങളിലും ആളപായമില്ല എന്നാണ് വിവരം.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തുന്ന ട്രംപും ഭാര്യയും ആദ്യം സബര്‍മതി ആശ്രമത്തിലാണ് എത്തുക. മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചശേഷം ഇന്ദിര ബ്രിഡ്ജിലൂടെ എസ്പി റിംഗ് റോഡ്വഴി മൊട്ടേറയില്‍ പുതുതായി നിര്‍മിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തും. ഇവിടെ സംഘടിപ്പിക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യും.
ട്രംപിന്റേയും ഭാര്യയുടേയും മനം കുളിര്‍പ്പിക്കാനും സ്റ്റേഡിയത്തില്‍ എത്തുന്ന ജനങ്ങളെ പിടിച്ചിരുത്താനും സാക്ഷാല്‍ എ.ആര്‍.റഹ്മാന്‍ മുതല്‍ ഗായകരായ സോനു നിഗം, ഷാന്‍ തുടങ്ങിയവരുടെ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് വേദിയായത് കൊണ്ട് ഇതിഹാസ താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും പരിപാടിയില്‍ എത്തിച്ചേരും.