വാഷിങ്ടണ്‍ : ഐഎസിന്റെ പുതിയ തലവന്‍ ആരാണെന്നും അയാളെക്കുറിച്ച് കൃത്യമായി അറിയാമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ബാഗ്ദാദിയുടെ പിന്‍ഗാമിയും ഐ എസിന്റെ പുതിയ തലവനുമായ അബു ഇബ്രാഹിം ഹാഷിമി ഖുറാഷി രംഗത്ത് വന്നതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഐഎസ് വക്താവ് ഭീഷണി മുഴക്കിയിരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇല്ലാതാക്കിയതില്‍ നിങ്ങള്‍ അധികം സന്തോഷിക്കേണ്ട, ഒരു രാജ്യത്തിന്റെ പരിഹാസപാത്രമാകുന്നതെങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ല. ഉറങ്ങുമ്പോഴും ഉണരുമ്പോഴും വ്യത്യസ്ത അഭിപ്രായമുള്ള കിറുക്കനായ കിളവന്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി. യൂറോപ്പിന്റെയും മധ്യആഫ്രിക്കയുടെയും പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐ എസ് എന്ന യാഥാര്‍ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലന്നും ഐഎസ് സന്ദേശത്തില്‍ പറയുന്നു.
അതേസമയം പുതിയ തലവനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടില്ല. വടക്ക് പടിഞ്ഞാറന്‍ സിറിയിയല്‍ നടത്തിയ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് അമേരിക്ക അറിയിച്ചിരുന്നു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോകളായ ഡെല്‍റ്റ ഫോഴ്‌സാണ് ദൗത്യം നിര്‍വ്വഹിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.
ഐഎസ് തലവനെ വധിച്ചുവെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഐഎസിന്റേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തിലാണ് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചിട്ടുള്ളത്.