കോവിഡ് പ്രതിരോധം; ദിവസവും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കാറുണ്ട്‌: ട്രംപ്

വാഷിങ്ടണ്‍: കോവിഡ് ചികിത്സക്ക് മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെ താന്‍ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് ട്രംപ് പറയുന്നത്. നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാലും പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്ന് ട്രംപ് പറയുന്നു.

ദിവസവും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികയിലൊന്ന് താന്‍ കഴിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നല്ലതാണെന്നാണ് താന്‍ കരുതുന്നതെന്നും മരുന്നിനെപ്പറ്റി ശുഭകരമായ പല വാര്‍ത്തകളും താന്‍ കേട്ടതിനാലാണ് മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്.

അതേസമയം, കോവിഡ് ചികിത്സക്ക് മരുന്ന് ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്ന് അമേരിക്കയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ട്രംപ് കൈക്കൊള്ളുന്നത്. നിരവധി ആളുകളുകളെ കൂടാതെ പ്രത്യേകിച്ച് കോവിഡ് പ്രതിരോധ പ്രര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നവരും ഈ മരുന്ന് കഴിക്കുന്നുണ്ടെന്നും അതിനാല്‍ ഞാനും അത് കഴിക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പെ മരുന്ന് കഴിക്കാന്‍ ആരംഭിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.

Top