തോന്നിയപോലെ ഇറക്കുമതിത്തീരുവ ചുമത്തുന്ന നടപടി അംഗീകരിക്കാനാവില്ല; ഇന്ത്യയ്ക്കെതിരെ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

വ്യാപാര സംബന്ധമായ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച അമേരിക്കന്‍ പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തുന്നതിന് മുന്നോടിയായാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യാപാരവിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു മുന്നോടിയായും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി ഇന്ത്യ പിന്‍വലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാപദവി അമേരിക്ക പിന്‍വലിച്ചതിന് പിന്നാലെയാണ് 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ത്യ വര്‍ധിപ്പിച്ചത്.

Top