വാഷിങ്ടണ്‍ : അമേരിക്കയില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ ചൈന കുറച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറക്കുമതി തീരുവ ചൈന 40 ശതമാനം കുറച്ചെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇക്കാര്യം ചൈന സ്ഥിരീകരിച്ചില്ല.
അര്‍ജന്റീനയില്‍ ജി20 ഉച്ചകോടിക്കിടെ ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിംപിങും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ചൈന-യു.എസ് വ്യാപാരയുദ്ധത്തിന് താത്കാലിക പരിഹാരം കണ്ടത്. പുതിയ ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം ഇരുരാജ്യങ്ങളും 90 ദിവസത്തേക്ക് നീട്ടിവെക്കാനും തീരുമാനിച്ചിരുന്നു.
2019 ജനുവരി ഒന്നുമുതല്‍ 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനമാണ് അമേരിക്കക്കും ചൈനക്കുമിടയില്‍ തര്‍ക്കം രൂക്ഷമാക്കിയിരുന്നത്. ഈ തീരുമാനമാണ് അര്‍ജന്റീനയിലെ ചര്‍ച്ചയില്‍ താത്കാലികമായി പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.