ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധം ; ആടിയുലഞ്ഞ് ഹാര്‍ലി ഡേവിഡ്‌സണ്‍

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധത്തില്‍ ആടിയുലഞ്ഞ് ഹാര്‍ലി ഡേവിഡ്‌സണ്‍. യു എസ് ആഢംബര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ നിലവിലുള്ള നികുതി സംവിധാനം തുടരുന്ന പക്ഷം തങ്ങള്‍ക്ക് നിര്‍മ്മാണ യൂണിറ്റുകള്‍ അമേരിക്കയില്‍ നിന്ന് യുറോപ്പിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും മാറ്റേണ്ടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍റെ അപ്രതീക്ഷിത നീക്കത്തിന്റെ അമ്പരപ്പിലാണ് നിലവില്‍ ട്രംപ് ഭരണകൂടം.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതു മുതല്‍ വ്യാപാര യുദ്ധ സാധ്യത നിലനില്‍ക്കുന്നതാണെങ്കിലും ഇതിന്റെ തീവ്രത പുറത്ത് വന്നത് അമേരിക്കയുടെ പുതിയ പ്രഖ്യാപനത്തോടെയാണ്. യൂറോപ്പില്‍ നിന്നുള്ള സ്റ്റീലിന്റേയും അലുമിനിയത്തിന്റേയും ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തിയായിരുന്നു പുതിയ പ്രഖ്യാപനം.

അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി തീരുവയില്‍ 25 ശതമാനം വര്‍ദ്ധന പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയനും തിരിച്ചടിച്ചു. ചൈനയില്‍ നിന്നും അമേരിക്ക ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ചുമത്തികൊണ്ട് ട്രംപിന്റെ ഉത്തരവ് ഇറങ്ങുകയും ചെയ്തു. വര്‍ഷം തോറും 5000 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്ക ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതോടെ ചൈനയ്ക്ക് അമേരിക്കന്‍ വിപണിയിലേക്കുള്ള കയറ്റുമതി വന്‍ പ്രതിസന്ധിയിലാകും.

harley

യൂറോപ്യന്‍ യൂണിയന്‍ ഉത്പന്നങ്ങള്‍ക്കും നികുതി ഉയര്‍ത്തിയതോടെ അമേരിക്കയുടെ പ്രമുഖ കയറ്റുമതി ഉത്പന്നമായ ഹാര്‍ലി ഡേവിഡ്‌സണ് നികുതി കൂട്ടി അവര്‍ തിരിച്ചടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍മ്മാണ യൂണിറ്റ് തന്നെ അമേരിക്കിയില്‍ നിന്ന് മാറ്റാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. മൂന്ന് ലക്ഷത്തോളം പുതിയ നിര്‍മ്മാണ ജോലികളടക്കം അമേരിക്കന്‍ വിപണിക്ക് വന്‍ കുതിച്ച് ചാട്ടം ലക്ഷ്യമിട്ടാണ് ട്രംപ് പുതിയ വ്യാപാര ചട്ടവുമായി മുന്നോട്ട് പോകുന്നത്. ഇതിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നെങ്കിലും ട്രംപ് പിന്‍മാറിയിരുന്നില്ല. ഇതിനിടെയാണ് ഹാര്‍ലിഡേവിഡ്‌സണിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

അമേരിക്കക്ക് പുറമെ ഓസ്‌ട്രേലിയ, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ഹാര്‍ലി ഡേവിഡ്‌സണിന് നിര്‍മ്മാണ യൂണിറ്റുകളുള്ളത്. ഇത് യൂറോപ്പിലേക്കുകൂടി വ്യാപിപ്പിക്കുമെന്നാണ് കമ്പനി ഭീഷണി മുഴക്കിയിരിക്കുന്നത്.

അമേരിക്കന്‍ സെക്യൂരിറ്റീസ് എക്‌സേഞ്ച് കമ്മീഷന്റെ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ നികുതി യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ തീരുവ ഉയര്‍ത്തിയതോടെ ആറു മുതല്‍ 31 ശതമാനം വരെ ബൈക്ക് വില ഉയര്‍ന്നിട്ടുണ്ടെന്ന് പറയുന്നു. ഇത് അമേരക്കയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഒരു ബൈക്കിന് ശരാശരി 2200 ഡോളറിന്റെ വര്‍ധന ഉണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ നിര്‍മ്മാണം അമേരിക്കയില്‍ നിന്നും ഇ യു രാജ്യങ്ങളിലേക്ക് മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ടാക്‌സ് ബാധ്യത ഒഴിവാക്കാന്‍ വേറെ മാര്‍ഗമില്ലെന്നും കമ്പനി പറയുന്നു. സംയമനം പാലിക്കണമെന്നാണ് ഇതിനോട് ട്രംപ് പ്രതികരിച്ചത്.

പ്രതിവര്‍ഷം 2200 ഡോളറാണ് പ്രതിവര്‍ഷം യൂറോപ്യന്‍ യൂണിയനിലേക്ക് വാഹനം കയറ്റിവിടുമ്പോള്‍ ഉണ്ടാകുന്നത്. എന്നാല്‍ നിലവിലെ താരിഫ് അനുസരിച്ചുള്ള കയറ്റുമതി ചിലവ് എത്രയാണെന്ന് കമ്പനി അധികൃതര്‍ ഇതുവരെയും പുറത്തു വിട്ടിട്ടില്ല.

Top