ഡോണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

അമേരിക്ക : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തുന്നതിന് പകരം അവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ട്രംപ് ഉപദേശിച്ചതായി മേ വെളിപ്പെടുത്തി. എന്നാല്‍ ചര്‍ച്ച തന്നെയാണ് താന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് മേ വ്യക്തമാക്കി.

ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസ മേയ്ക്ക് താന്‍ ഉപദേശം നല്‍കിയെന്നും അത് അല്‍പ്പം കടുപ്പമാണെന്നാണ് കരുതുന്നതെന്നുമാണ് ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഉപദേശം എന്തായിരുന്നു എന്നത് സംബന്ധിച്ച് ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ബിബിസിയുമായുള്ള അഭിമുഖത്തിനിടെ ട്രംപിന്റെ ഉപദേശത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മേയുടെ വെളിപ്പെടുത്തല്‍.
ബ്രെക്‌സിറ്റ് വിഷയത്തില്‍ മേയുടെ മൃദുസമീപനത്തിനെതിരെ സ്വന്തം സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ മേയോട് വിയോജിപ്പ് പ്രകടിപ്പിച്ച് രാജിവെച്ചിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മേ വ്യക്തമാക്കിയത്.

Top