‘ഇന്ത്യ വേണ്ടവിധം പരിഗണിക്കുന്നില്ല’; സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യയെ കുറ്റപ്പെടുത്തി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. വ്യാപാര ഇടപാടില്‍ അമേരിക്കയെ ഇന്ത്യ പരിഗണിക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമര്‍ശനം.

‘ഇന്ത്യയുമായി ഞങ്ങള്‍ വലിയൊരു വ്യാപാര ഇടപാട് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുമോ എന്ന് എനിക്കറിയില്ല. യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തില്‍ നമ്മളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ല’ – ട്രംപ് പറഞ്ഞു. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎസ് ട്രേഡ് പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍ പ്രസിഡന്റ് ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാപാര ഇടപാടിലെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഇന്ത്യന്‍ സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top