യുഎസില്‍ വിവാദമായ സീറോ ടോളറന്‍സ് നയം; ഇരകളായി നിരവധി ഇന്ത്യക്കാരും

ന്യൂഡല്‍ഹി: യുഎസില്‍ ട്രംപ് നടപ്പാക്കിയ വിവാദമായ സീറോ ടോളറന്‍സ് നയത്തേ തുടര്‍ന്ന് ഇന്ത്യക്കാരായ നിരവധി കുട്ടികളെയും അധികൃതര്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ചു.

നൂറോളം വരുന്ന ഇന്ത്യാക്കാരെയാണ് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ തടവിലാക്കിയിരിക്കുന്നത്. ഇവരുടെ മക്കളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ അധികവും പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

യുഎസ് സംസ്ഥാനങ്ങളായ ഒറിഗണ്‍, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങിലുള്ള കേന്ദ്രങ്ങളിലാണ് ഇന്ത്യക്കാരെ പാര്‍പ്പിച്ചിരിക്കുന്നത്. സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസികളാണ് ഇവരില്‍ കൂടുതല്‍ പേരും. 52 പേരെ ഒറിഗണിലെ ഷെരിഡാനിലെ കേന്ദ്രത്തിലും 45 പേരെ ന്യൂമെക്‌സിക്കോയിലുള്ള കേന്ദ്രത്തിലുമാണ് തടവിലാക്കിയിട്ടുള്ളത്. ഷെരിഡാനിലുള്ള തടവുകാരില്‍ ഇന്ത്യക്കാരാണ് കൂടുതലായുള്ളത്.

ഇന്ത്യക്കാരെ പുതിയ കുടിയേറ്റ നയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത വിവരം കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് അംഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഭൂരിഭാഗം പേരും ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ എവിടെയാണെന്നുപോലും ഇവരില്‍ പലര്‍ക്കും അറിയില്ല.

Top