ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധങ്ങള്‍ നടപ്പാക്കണമെന്ന് ചൈനയോട് അമേരിക്ക

trump

വാഷിങ്ടണ്‍ : ഉത്തര കൊറിയയ്ക്കുമേല്‍ യുഎന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ മുഴുവനായും നടപ്പാക്കണമെന്ന് ചൈനയോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

ചൈന സന്ദര്‍ശിക്കുന്ന വേളയില്‍ ട്രംപ്, ഇക്കാര്യം പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അറിയിക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നവംബര്‍ മൂന്നു മുതല്‍ 14 വരെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് ട്രംപിന്റെ സന്ദര്‍ശനം.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയെയും കിം ജോങ് ഉന്നിനെയും ഒറ്റപ്പെടുത്തുകയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ട്രംപ് ഇപ്പോള്‍ കൊറിയയുടെ ഏറ്റവും അടുത്ത സഹായിയായ ചൈനയുടെ കൂട്ടുപിടിച്ചിരിക്കുന്നത്.

കല്‍ക്കരി ഇറക്കുമതി, തുണിത്തരങ്ങളും കടല്‍ഭക്ഷണങ്ങളും കയറ്റുമതി, എണ്ണ കയറ്റുമതി നിര്‍ത്തലാക്കല്‍ തുടങ്ങിയ യുഎന്‍ ഉപരോധങ്ങള്‍ നടപ്പാക്കിയതായി ചൈന വ്യക്തമാക്കിയിരുന്നു. ഉപരോധങ്ങളില്‍ തൊണ്ണൂറു ശതമാനത്തോളം നടപ്പാക്കിയിട്ടുണ്ടെന്നാണ് ചൈനയുടെ വാദം.

എന്നാല്‍ രാജ്യങ്ങള്‍ ഐകകണ്‌ഠ്യേന അംഗീകരിച്ച രണ്ടു നിര്‍ദേശങ്ങള്‍ കൂടി ചൈന നടപ്പാക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഉഭയകക്ഷി ചര്‍ച്ച പ്രകാരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top