വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് എന്തുകൊണ്ട് ആണവായുധം പ്രയോഗിച്ചുകൂടാ എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പ്.
തന്റെ വിദേശകാര്യ ഉപദേഷ്ടാവിനോടാണ് ട്രമ്പ് ഇക്കാര്യം ചോദിച്ചത്. നമുക്ക് ആണവായുധം ഉണ്ടെങ്കില്‍ എന്തുകൊണ്ട് അത് ഉപയോഗിച്ചു കൂടാ എന്നാണ് ട്രമ്പ് ചോദിച്ചത്. മൂന്ന് വട്ടം ട്രമ്പ് ഇതേ ചോദ്യം ചോദിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ കോണ്‍ഗ്രസ് അംഗമായ ജോയ് സ്‌കാര്‍ബറോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ട്രമ്പിന്റെ പ്രചാരണ വിഭാഗം ഇക്കാര്യം നിഷേധിച്ചു. യൂറോപ്പില്‍ സജീവമായിട്ടുള്ള ഭീകര ഗ്രൂപ്പുകള്‍ക്ക് നേരെയോ, ഇറാഖിലും സിറിയയിലും ഐസിസിന് നേരെയോ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ട്രമ്പ് പറഞ്ഞിരുന്നു.
അത്തരം സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് ട്രമ്പ് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇത്തരത്തില്‍ യുക്തിരഹിതമായി ഭ്രാന്തന്‍ ആശയങ്ങള്‍ സംസാരിക്കുന്ന ട്രമ്പിന്റെ മാനസികനിലയെക്കുറിച്ച് തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ വലിയൊരു വിഭാഗത്തിന് ആശങ്കയുണ്ട്. ട്രമ്പിനെതിരെ ഓണ്‍ലൈന്‍ പ്രചാരണവും ശക്തമായിട്ടുണ്ട്.