വാഷിങ്ടണ്‍ : ഐഎസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ പകരം സ്ഥാനമേറ്റ ഭീകരനേതാവിനെയും വധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ബഗ്ദാദിക്കു പകരമെത്തിയ നേതാവിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ബഗ്ദാദി തന്റെ പിന്‍ഗാമിയെ തീരുമാനിച്ചിരുന്നില്ല. അബു ഹസന്‍ അല്‍ മുഹാജിര്‍ ആണു പകരക്കാരനായി എത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ഉത്തര സിറിയയില്‍നിന്ന് ഇയാള്‍ ഒരു എണ്ണടാങ്കര്‍ ട്രക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.
അതേസമയം സംഘര്‍ഷത്തിനിടെ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് ഉചിതമായാണ് ഐഎസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മൃതദേഹം മറവു ചെയ്‌തെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചിരുന്നു.
ഞായറാഴ്ചയാണ് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ട്രംപ് രംഗത്തെത്തിയത്. ഒരു നായയെ പോലെ, അല്ലെങ്കില്‍ ഒരു ഭീരുവിനെ പോലെയാണ് അയാള്‍ മരിച്ചതെന്ന് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.
യു.എസ് സൈന്യം പിന്തുടരുന്നതറിഞ്ഞ ബാഗ്ദാദി അയാളുടെ മൂന്നുമക്കളോടൊപ്പം ഒരു ടണലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. നിലവിളിച്ചും അലറിക്കരഞ്ഞും അയാള്‍ ഓടി. അതിനുള്ളില്‍വച്ചാണ് സ്വയം പൊട്ടിത്തെറിച്ചത്. ബാഗ്ദാദിയോടൊപ്പം ഉണ്ടായിരുന്ന മൂന്നുമക്കളും മരിച്ചു, ട്രംപ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം ചിന്നിച്ചിതറി. പരിശോധനകള്‍ക്ക് ശേഷമാണ് ബാഗ്ദാദി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചത്.