വാഷിംഗ്ടണ്‍: പ്രസിഡന്റായി അധികാരമേറ്റിട്ട് 100 ദിവസം തികയുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കഴിഞ്ഞ 100 ദിവസങ്ങള്‍ അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മഹത്തരമായവ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ സ്ഥിതിഗതികളറിയാന്‍ ജനങ്ങളോട് ചോദിച്ചുനോക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഞങ്ങള്‍ തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. മിഷിഗണിലെ ജനങ്ങളോട് ചോദിക്കൂ. ഒഹിയോയിലെ ജനങ്ങളോട് അല്ലെങ്കില്‍ പെന്‍സില്‍വാനിയയില്‍ ചോദിക്കൂ, എന്താണ് സംഭവിക്കുന്നതെന്നറിയാം. വാഹന നിര്‍മാതാക്കള്‍ തിരികെ വരുന്നു. മറ്റെങ്ങും പോകാതെ അവര്‍ ഇവിടെത്തന്നെ നില്‍ക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരാശരിക്കാര്‍ക്കും വ്യവസായികള്‍ക്കും വലിയ രീതിയിലുള്ള കരമിളവ് കൊടുക്കും. അത് ബൃഹത്തായ ഒരു തരംഗമാകും സൃഷ്ടിക്കുക. താന്‍ തുടങ്ങിയപ്പോള്‍ത്തന്നെ സമ്പദ് വ്യവസ്ഥയ്ക്ക് ആത്മവിശ്വാസം കൈവന്നു. ഉത്പാദനം റെക്കോര്‍ഡ് വര്‍ദ്ധനവിലെത്തി. ചെറിയ വ്യവസായങ്ങളുടെ ഉത്പാദന വര്‍ദ്ധന കഴിഞ്ഞ നാല് ദശകത്തിലെ ഉയരത്തിലാണെന്നും ട്രംപ് വ്യക്തമാക്കി.