ഹൈദരാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി ക്ഷേത്രം പണിത യുവാവ് മരിച്ചു. തെലങ്കാന സ്വദേശിയായ ബുസാ കൃഷ്ണയാണ് കുഴഞ്ഞുവീണ് മരിച്ചത്. 38 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത് മുതൽ ബുസാ കൃഷ്ണ അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാള്‍ പിന്നീട് ഉപവാസവും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞുകൂട്ടുകയായിരുന്നു.
ട്രംപിന്റെ കടുത്ത ആരാധകനാണ് മരിച്ച ബുസാ കൃഷ്ണ. നാല് വർഷം മുൻപ് സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ബുസാ കൃഷ്ണ ട്രംപ് ആരാധന ആരംഭിക്കുന്നത്. ഭക്തി മൂത്തതോടെ ഇയാൾ താൻ ഉപയോഗിക്കുന്ന വസ്ത്രം, ബാഗ് തുടങ്ങിയവകളിലെല്ലാം ട്രംപിന്‍റെ ചിത്രങ്ങൾ പതിപ്പിച്ചു. പിന്നീട് വീടിനോട് ചേർന്ന് ട്രംപിന്റെ പ്രതിമ പ്രതിഷ്ഠിച്ച് പൂജയും തുടങ്ങിയിരുന്നു. ട്രംപിനോടുള്ള ബുസാ കൃഷ്ണയുടെ ആരാധന ദേശീയ രാജ്യന്തര തലത്തില്‍ വാര്‍ത്തയായിരുന്നു.