അമേരിക്ക: ഫലസ്തീന് സ്വതന്ത്ര പരമാധികാര രാഷ്ട്ര പദവി നല്‍കണമെന്ന മുന്‍ അമേരിക്കന്‍ നിലപാട് തിരുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഫലസ്തീനും ഇസ്രേയേലും രണ്ട് രാജ്യങ്ങളായി നില്‍ക്കുന്നതിന് പകരം ഏക രാഷ്ട്രമായി നിലകൊള്ളണം. ഐക്യരാഷ്ട്ര സഭ, അറബ് ലീഗ്, യൂറോപ്യന്‍ യൂണിയന്‍, അമേരിക്കയിലെ മുന്‍ ഭരണകൂടങ്ങള്‍ എന്നിവര്‍ കാലങ്ങളായി പിന്തുണച്ച നിലപാടിന് വിരുദ്ധമാണ് ട്രംപ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.
തന്നെ സന്ദര്‍ശിച്ച ഇസ്രേയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഡൊണാള്‍ഡ് ട്രംപ് ഫലസ്തീന്‍ വിഷയത്തില്‍ തന്റെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
ഞാന്‍ രണ്ട് രാജ്യങ്ങളെയും ഒരു രാഷ്ട്രത്തെയും പരിഗണിക്കുന്നു, ഇതില്‍ ഇരുവര്‍ക്കും സ്വീകാര്യമായതാണ് എനിക്കിഷ്ടം. രണ്ടുപേര്‍ക്കും സ്വീകാര്യമായ ഒന്ന് അതാണ് എന്റെ ഇഷ്ടം. രണ്ടും രണ്ടായി നില്‍ക്കുന്നതായിരിക്കും ഇരുവര്‍ക്കും ഏറെ എളുപ്പം. പക്ഷേ ഫലസ്തീനും ഇസ്രേയേലും ഒരു പോലെ ഇഷ്ടപ്പെടുന്നതാണ് ഏറ്റവും മികച്ചത്.
ഇസ്രയേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
വേസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രേയേല്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ തല്‍കാലത്തേക്ക് നിര്‍ത്തിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. താന്‍ വിശ്വസിക്കുന്നത് വസ്തുതകളിലാണ് വിശേഷണങ്ങളിലല്ലെന്നായിരുന്നു ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഫലസ്തീനികള്‍ ജൂത ഭരണകൂടത്തെ അംഗീകരിക്കണമെന്നും മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള അധികാരം ഇസ്രേയേല്‍ ഭരണകൂടത്തിനായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.