ന്യൂഡല്‍ഹി: വന്‍ വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ കാലുകുത്തി.
എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും വന്നിറങ്ങിയത്. എയര്‍പോര്‍ട്ടിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.
അമേരിക്കയില്‍നിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപിന്റെ തുടര്‍ യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിക്കും.
അഹമ്മദാബാദില്‍ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറുകള്‍ക്കായി അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 85 കോടി രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.