അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ചെറിയ വിവാദങ്ങള്‍ക്കൊന്നുമല്ല വഴി തുറന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും ട്രംപിനായി മോദി ചെലവിട്ടത് കോടികളാണ്. ഇപ്പോഴിതാ ആ വലിയ സ്വീകരണത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.
രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് മോദിയെന്ന് ട്രംപ് പറഞ്ഞു. ‘പ്രധാനമന്ത്രി മോദിക്കൊപ്പമായിരുന്നു ഞാന്‍. ഇന്ത്യാസന്ദര്‍ശനത്തിനുശേഷം ഇനി ഒരു ആള്‍ക്കൂട്ടവും എന്നെ ഇത്രമേല്‍ ആവേശഭരിതനാക്കിയേക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നരലക്ഷം കാണികളാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായിരുന്നത്. അവര്‍ 100 കോടി ജനങ്ങളുണ്ട്. എന്നാല്‍ നമ്മള്‍ 350 പേരും. അവര്‍ സ്‌നേഹമുള്ളവരാണ്, അവര്‍ക്ക് മികച്ച നേതാവുണ്ട്. അവര്‍ക്ക് ജനങ്ങളോട് നല്ല സ്‌നേഹമുണ്ട്. ഇവിടത്തെ ജനങ്ങളോടും അവര്‍ക്ക് സ്‌നേഹമാണ്.’ ഇന്ത്യാസന്ദര്‍ശനം അര്‍ത്ഥവത്തായ യാത്രയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
സൗത്ത് കരോലിനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായാണ് ഫെബ്രുവരി 24ന് യുഎസ് പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയ ട്രംപും മകള്‍ ഇവാന്‍കയെയും മരുമകന്‍ ജാറെദ് കഷ്നറെയും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്താണ് ട്രംപിനെ വരവേറ്റത്.
സബര്‍മതി ആശ്രമത്തിലേക്കായിരുന്നു ആദ്യ യാത്ര. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയാണ് ആശ്രമത്തിലെത്തിയത്. ഇവിടെ അല്‍പനേരം ചെലവഴിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്തേ ട്രംപ്’ സ്വീകരണച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. സ്റ്റേഡിയത്തിലെ ഒരുലക്ഷത്തിലേറെ ആളുകളുടെ ആവേശത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ മനം നിറഞ്ഞ ആതിഥ്യം ഏറ്റുവാങ്ങി. ഒരു മണിക്കൂറോളം നീണ്ട സമ്മേളനത്തിനു ശേഷം ആഗ്രയിലേക്കു പറന്ന ട്രംപും മെലനിയയും മക്കളും താജ്മഹല്‍ സന്ദര്‍ശിച്ചു.
25-ാം തിയതി രാഷ്ട്രപതി ഭവനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ട്രംപിനെയും മെലനിയയെയും സ്വീകരിച്ചു. തുടര്‍ന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ട്രംപ് പരിശോധിച്ചു.
രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്ഘട്ടിലെത്തിയ ട്രംപും മെലനിയയും മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് രാജ്ഘട്ടില്‍ വൃക്ഷത്തൈയും നട്ടാണ് ഇരുവരും അവിടെ നിന്നു മടങ്ങിയത്. ട്രംപിന്റെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലും ആഗ്രയിലുമൊക്കെ ഉത്സവ പ്രതീതിയാണ് ഉണ്ടാക്കിയത്. ഇതിനായി നാടും നഗരവുമെല്ലാം കോടികള്‍ ചിലവിട്ട് മോദി അലങ്കരിച്ചിരുന്നു.