കൊച്ചി: സ്ത്രീയുടെ നഗ്‌നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. നഗ്‌നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പറഞ്ഞു. മക്കളെക്കൊണ്ട് തന്റെ അര്‍ധനഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനല്‍ കേസില്‍ വനിതാ ആക്ടിവിസ്റ്റിനെ കുറ്റവിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമര്‍ശം.
പുരുഷന്റെ നഗ്‌നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല. എന്നാല്‍ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്‌ന ശരീരത്തെ ചിലര്‍ ലൈംഗികതക്കോ ആഗ്രഹപൂര്‍ത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നു. നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67-ാം വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്.