ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗം വന്നാല്‍ അത്ഭുതപ്പെടേണ്ടെന്ന് വ്യക്തമാക്കുകയാണ് സഹനിര്‍മ്മാതാവ് ആയിരുന്ന സന്തോഷ് ടി കുരുവിള. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രം പരാജയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സന്തോഷ് കുരുവിള പറയുന്നത്.
ഗ്യാങ്സ്റ്റര്‍ ചിത്രീകരണ സമയത്തേക്ക് തിരക്കഥ പൂര്‍ത്തിയായിട്ടില്ലായിരുന്നു. ആ സിനിമ ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ ആളുകള്‍ അംഗീകരിക്കുന്നുണ്ട്. അന്ന് ഗ്യാങ്സ്റ്റര്‍ എന്ന് പറയുമ്പോള്‍ വളരെ വേഗത്തിലുള്ള സിനിമയാണ് ആളുകളുടെ മനസില്‍ ഉണ്ടായിരുന്നത്. അവസാനത്തെ സ്റ്റണ്ട് ഒക്കെ നമുക്ക് അനിമേഷനില്‍ എടുക്കേണ്ടിവന്നു. കാരണം ശേഖറിന് ആ രംഗങ്ങളുമായി ഒത്തിരി ദിവസം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പൊടിയൊക്കെയുള്ള ഒരു മുറിയില്‍ ആയിരുന്നു അതിന്റെ ചിത്രീകരണം. ശേഖര്‍ റെഡിയായി വരുമ്പോഴേക്ക് മമ്മൂക്ക ക്ഷീണിച്ചു. അതുകൊണ്ട് അനിമേഷനിലേക്ക് പോവേണ്ടിവന്നതാണ്. തുടക്കത്തിലെ ടൈറ്റിലിന് ശേഷമുള്ള അനിമേഷന്‍ പ്രാധാന്യത്തോടെ ചെയ്തതായിരുന്നു. റിലീസ് സമയത്ത് ബാലരമയൊക്കെ പോലെ ഒരു ചിത്രകഥാ പുസ്തകമായി ഇറക്കാന്‍ ആലോചിച്ചിരുന്നു. അവസാനത്തെ സ്റ്റണ്ട് സീന്‍ അമിനേഷന്‍ ആയത് ജനത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഗ്യാങ്സ്റ്റര്‍ 2 എന്നൊരു സിനിമ എടുത്താല്‍ കൊള്ളാണെന്ന് ആഷിക്കിന് താല്‍പര്യമുണ്ട്. ചിലപ്പോള്‍ അത് വരാം എന്ന് സന്തോഷ് ടി കുരുവിള.
എന്നാല്‍ ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് ആഷിക് അബു 2019 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമാണ് ഗ്യാങ്സ്റ്ററിന് ഒരു രണ്ടാംഭാഗം ഒരുക്കണമെന്ന് തന്നോട് പറഞ്ഞതെന്നും കൂടുതല്‍ മികച്ച തിരക്കഥയുമായാവും രണ്ടാംഭാഗം എത്തുകയെന്നും ആഷിക് പറഞ്ഞിരുന്നു.