ന്യൂഡല്‍ഹി: ശത്രു സ്വത്ത് നിയമം ഓര്‍ഡിനന്‍സ് പുതുക്കിയതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതൃപ്തി പ്രകടിപ്പിച്ചു.
മന്ത്രിസഭയുടെ അംഗീകാരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് നേരിട്ട് ഓര്‍ഡിനന്‍സ് പരിഗണനക്കായി അയച്ചതിലാണ് രാഷ്ട്രപതി അതൃപ്തി അറിയിച്ചത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടെങ്കിലും, പ്രത്യേക അധികാരമുപയോഗിച്ച് ഇത് നേരിട്ടയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടില്‍ രാഷ്ട്രപതി വിയോജിപ്പ് രേഖപ്പെടുത്തി.
ജനനന്മ മാത്രം കണക്കിലെടുത്താണ് താന്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതെന്നും മന്ത്രിസഭയെ മറികടക്കുന്ന രീതി മേലില്‍ ആവര്‍ത്തിക്കരുതെന്നും രാഷ്ട്രപതി വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.
അനാവശ്യ കീഴ്‌വഴക്കം ഉണ്ടാക്കരുതെന്നും രാഷ്ട്രപതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഇതാദ്യമായാണ് ഒരു ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ പ്രധാനമന്ത്രി നേരിട്ട് രാഷ്ട്രപതിക്ക് അയക്കുന്നത്.