തിരുവനന്തപുരം: എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുക്കുന്നതിനോട് പ്രതികരിച്ച് കെസി വേണുഗോപാൽ. അച്ചടക്കനടപടി അടക്കമുള്ള വിഷയം കെപിസിസിയാണ് തീരുമാനിക്കേണ്ടതെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കെപിസിസി നിർദ്ദേശം വന്ന ശേഷം എടുക്കേണ്ട നടപടിയെ കുറിച്ച് ഹൈക്കമാൻഡ് ആലോചിക്കും. കോടിയേരി ബാലകൃഷ്ണൻ ചരിത്രം തമസ്ക്കരിക്കരുത്. വികസന സെമിനാറിന് പങ്കെടുത്തതിനാണ് ഗൗരിയമ്മയെ പുറത്താക്കിയത്. എംവി രാഘവനൊപ്പം ചായകുടിച്ചതിനാണ് പി ബാലനെ സിപിഎം പുറത്താക്കിയത്.
പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്ന സിപിഎമ്മുകാരാണ് കോൺഗ്രസുകാരോട് ജനാധിപത്യത്തെ കുറിച്ച് പറയുന്നതെന്നും വേണുഗോപാൽ പരിഹസിച്ചു. മുതിർന്ന സിപിഎം നേതാവായ ജി സുധാകരൻ ഇത്തവണ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നില്ല. ആ കാര്യം കൂടി സിപിഎം ചർച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിൽവർ ലൈൻ, യെച്ചൂരിയുടെ മൃതു സമീപനം ഇതെല്ലാമായിരുന്നു ചർച്ച ചെയ്യേണ്ടതെന്ന് അഭിപ്രായപ്പെട്ട കെസി വേണുഗോപാൽ സിപിഎം പാർട്ടികോൺഗ്രസിന്റെ ശ്രദ്ധാകേന്ദ്രമായി ഞങ്ങളുടെ നേതാവ് മാറുന്നത് ഞങ്ങൾക്കും അഭിമാനമാണെന്നും കൂട്ടിച്ചേർത്തു.