ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ഥനയുമായി മലയാളികള്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം, പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മലയാളികള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. DecommissionMullapperiyaDam, SaveKerala തുടങ്ങിയ ഹാഷ് ടാഗുകളും അഭ്യര്‍ഥനകള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
നേരത്തെ തന്നെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യം വിവിധഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് ഉയരുന്നത്, തകര്‍ച്ചയ്ക്കു വഴിവെക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.