തിരുത്തിയത് കൊണ്ട് തീരില്ല, സിപിഐഎം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഐഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനില്‍ കുമാര്‍ ഉയര്‍ത്തിയ തട്ട വിവാദം തിരുത്തിയത് കൊണ്ട് തീരില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. സിപിഐഎം തിരുത്തേണ്ട ഘട്ടം ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. ബിജെപിയുടെ ആയുധം എന്തിന് അവര്‍ ഉപയോഗിച്ചു. തിരുത്തിയത് കൊണ്ട് തീരില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഐഎം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്. അത് നല്ലതല്ല. അതിന്റെ ശാസ്ത്രീയത തിരയുന്നതില്‍ പ്രസക്തിയില്ല. ഇന്‍ഡ്യ മുന്നണിയില്‍ ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകേണ്ട പ്രസ്താവനയല്ല ഉണ്ടായത്. ഇങ്ങനെയൊരു പ്രസ്താവന എങ്ങനെ ഉണ്ടായെന്നത് പരിശോധിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മലപ്പുറം പരാമര്‍ശം പണ്ടേ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ മാറി എന്നാണ് കരുതിയിരുന്നത്. വസ്ത്രങ്ങള്‍ അഴിച്ചു വെച്ചല്ല ആരും വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. ഈ വസ്ത്രം ധരിച്ചു തന്നെ മുന്നേറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സിപിഐഎമ്മിന്റെ എക്കാലത്തേയും നിലപാട്. ഇത് തന്നെയാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നത്. മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സമിതിയംഗമായ അഡ്വ. കെ അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം.

Top