സോൾ: ദക്ഷിണകൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്സിൽ പങ്കെടുക്കാൻ എത്തിയ ഉത്തര കൊറിയ സംഘാംഗങ്ങളെ സ്വീകരിക്കേണ്ടതെങ്ങനെയെന്ന നിർദേശവുമായി അധികൃതർ. ഒളിംപിക്സ് സംഘാടകർക്കും ഉത്തര കൊറിയൻ പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർക്കുമാണ് പ്രത്യേക നിർദേശങ്ങൾ സർക്കാർ നൽകിയത്.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ദേഷ്യം വെറുതെ ക്ഷണിച്ചുവരുത്തേണ്ടെന്ന തീരുമാനത്തിലാണ് ദക്ഷിണകൊറിയൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനം. സിഗാങ് സർവകലാശാലയിലെ കിം യോങ്–സൂ എന്ന പ്രൊഫസറാണ് ഉത്തര കൊറിയക്കാരോടു എങ്ങനെയാവണം പെരുമാറേണ്ടത് എന്നു വിശദമായി ക്ലാസ് എടുത്തത്.
ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ച് സംസാരിക്കരുതെന്നാണ് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ നിർദേശം. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കണമെന്ന് നിർദേശത്തിൽ ഉണ്ട്.
കൂടാതെ ഉത്തരകൊറിയൻ പ്രതിനിധികളുടെ വസ്ത്രങ്ങളിൽ പതിപ്പിച്ച മുൻ നേതാക്കളുടെ ചിത്രങ്ങൾ നോക്കി അനാവശ്യപരാമർശങ്ങൾ നടത്തരുതെന്നും,അവയെ ചിത്രമെന്നല്ലാതെ ബാഡ്ജെന്ന് വിളിക്കരുതെന്നും നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരേ പശ്ചാത്തലമാണെങ്കിലും ഇരുരാജ്യങ്ങളും കാലങ്ങളായി വിഭജിക്കപ്പെട്ടതിനാൽ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ട് അതിനാൽ അവരോട് സംസാരിക്കുമ്പോൾ അവരെ അപമാനിക്കുന്ന രീതിയിൽ അവരുതെന്നും ബഹുമാനം വേണമെന്നും ജീവനക്കാർക്കു ക്ലാസെടുത്ത കിം യോങ്–സൂ അറിയിച്ചു.