അഴിമതി കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് എതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. താന്‍ പരിശുദ്ധനാണെന്ന് സ്വയം അവകാശപ്പെട്ട് മുന്‍ ധനമന്ത്രി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ജാവദേകര്‍ ആരോപിച്ചു, ഭരണത്തില്‍ ഇരിക്കുന്ന സമയത്ത് നടന്ന അഴിമതിയുടെ പേരില്‍ കേസ് നേരിടുന്ന ചിദംബരമാണ് താന്‍ മന്ത്രിയായിരിക്കുമ്പോള്‍ എല്ലാം സംശുദ്ധമായിരുന്നെന്ന് അവകാശപ്പെട്ട് ജാമ്യവ്യവസ്ഥ ലംഘിച്ചതെന്ന് പ്രകാശ് ജാവദേകര്‍ ചൂണ്ടിക്കാണിച്ചു.
106 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ ചിദംബരം നടത്തുന്ന ഈ അവകാശവാദം സ്വയം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തുല്യമാണെന്ന് പ്രകാശ് ജാവദേകര്‍ പറഞ്ഞു. ‘ജാമ്യം ലഭിച്ചപ്പോള്‍ പൊതു പ്രസ്താവനകള്‍ നടത്തില്ലെന്ന് ചിദംബരം പറഞ്ഞിരുന്നു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ എല്ലാ പ്രവൃത്തികളും സംശുദ്ധമായിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇത് തന്നെ കേസാണ്, സ്വയം സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്’, ജാവദേകര്‍ വ്യക്തമാക്കി.
മുന്‍ ധനമന്ത്രിക്ക് എതിരെയുള്ള കേസിനെക്കുറിച്ച് സംസാരിക്കരുതെന്ന് സുപ്രീംകോടതി ജാമ്യം അനുവദിക്കവെ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകളെന്ന് ബിജെപി ആരോപിക്കുന്നു. ‘ജാമ്യം നേടി ചിലര്‍ പുറത്തിറങ്ങും, അവര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒന്നുമല്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെട്ട് ഇരിക്കുകയാണെന്നും ജാവദേകര്‍ വ്യക്തമാക്കി. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ എത്തിയ ചിദംബരം സര്‍ക്കാരിന് എതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് ശക്തിപകരാനുള്ള ശ്രമത്തിലാണ്.