കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് ഐഎസിന്റെ പേരില്‍ അജ്ഞാത ഭീഷണി കത്ത്. കിറ്റെക്‌സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബെറിഞ്ഞു കൊല്ലുമെന്നാണ് ഭീഷണി. പിടി തോമസ് എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ബെന്നി ബഹന്നാന്‍ എംപി എന്നിവര്‍ക്കെതിരെയും രൂക്ഷമായ അസഭ്യ പ്രയോഗങ്ങളാണുള്ളത്.
എല്‍ദോസ് കുന്നപ്പള്ളി പെരുമ്പാവൂര്‍ എംഎല്‍എയാണ്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി ട്വന്റിയാണ്. കിഴക്കമ്പലത്തെ കോണ്‍ഗ്രസുകാരുടെ കഴിവില്ലായ്മ കൊണ്ടാണത് സംഭവിച്ചത്. പിടി തോമസ് കാളപെറ്റെന്നു പറഞ്ഞാല്‍ കയറെടുക്കുന്നയാളാണ്. അയാള്‍ വിചാരിച്ചാല്‍ ട്വന്റി ട്വന്റിയ്‌ക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്നും കത്തില്‍ പറയുന്നു. യുഡിഎഫിന്റെ 41 എംഎല്‍എമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നാണ് എഴുത്തില്‍ പറയുന്നത്.
വെങ്ങോലയിലെ ഐഎസ് അംഗമാണെന്ന് അവകാശപ്പെടുന്ന കത്തില്‍ എറണാകുളം ജില്ലയിലെ വെങ്ങോല ചേലക്കുളത്തുള്ള വിലാസമാണുള്ളത്. ഇത് യഥാര്‍ത്ഥ വിലാസമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൈപ്പടയില്‍ എഴുതിയ കത്തായതിനാല്‍ പ്രതിയെ അതുപയോഗിച്ച് പിടികൂടാമെന്നാണ് പൊലീസിന്റെ നിഗമനം. എംഎല്‍എ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.