കൊല്ലം: കോവിഡിനെ നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തി യിരിക്കുകയാണ് കെ.ബി ഗണേഷ് കുമാർ എംഎൽഎ.
“രോഗം വന്നവർക്ക് ഇത് അറിയാം. ചിലർക്ക് വല്യ പ്രശ്നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാൽ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും. മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മൾ ആശുപത്രിയിൽ കിടന്നാൽ ഒരു മുറിയിൽ കിടക്കാനെ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാൻഡറു പോലും ഉണ്ടാവില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ പോലും മുഖം തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒപ്പമുണ്ടാകില്ല.” ഗണേഷ് കുമാർ വീഡിയോയിലൂടെ അനുഭവം പങ്കുവെച്ചു.
“നിങ്ങൾ വളരെയധികം ശ്രദ്ധിക്കാനായാണ് ഞാൻ ഇത് പറയുന്നത്. നിസ്സാരമായി ഈ രോഗത്തെ കാണരുത്. ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളർത്തും. വന്നു കഴിഞ്ഞു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാൻ കരുതൽ എടുക്കുന്നതാണ്.” ഗണേഷ് പറഞ്ഞു.
കോവിഡിനെ നിസ്സാരമായി കാണരുത് എന്ന് ആവർത്തിച്ച് ഓർമിപ്പിക്കുകയാണ് അദ്ദേഹം.