വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി എഐ ഉപയോഗിക്കരുത്; നിര്‍ദേശവുമായി അസോസിയേറ്റഡ് പ്രസ്

ഡല്‍ഹി: വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് നിര്‍മ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്റ്റൈല്‍ബുക്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും എപി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എപിയ്ക്ക് സമാനമായി വയേര്‍ഡ് മാഗസിനും ഈ തീരുമാനം എടുത്തിട്ടുണ്ട്. എഐ നിര്‍മിത ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്നാണ് അവരുടെ നിലപാട്. ‘നിങ്ങളുടെ സ്റ്റോറി നിങ്ങള്‍ തന്നെ എഴുതിയതായിരിക്കണം’ എന്നാണ് ഇന്‍സൈഡര്‍ എഡിറ്റര്‍ ഇന്‍ ചീഫ് നിക്കോളാസ് കാള്‍സണ്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിര്‍ദേശങ്ങള്‍ വിവരിച്ച് നല്‍കുന്നതിന് അനുസരിച്ച് എഴുതാനും ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കാനും കഴിവുള്ള ജനറേറ്റീവ് എഐ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതിലൊന്നാണ് ചാറ്റ് ജിപിടി. കൂടാതെ ഓപ്പണ്‍ എഐയുടെ തന്നെ ഡാല്‍ ഇ പോലുള്ള സേവനങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാകും. എഐയെ കുറിച്ചുള്ള വിഷയമാണ് ലേഖനത്തിലും വാര്‍ത്തയിലുമെങ്കില്‍ ചിത്രങ്ങളൊക്കെ ഉപയോഗിക്കാനാകും. മുന്‍പും എഐ സാങ്കേതിക വിദ്യകള്‍ എപി പരീക്ഷിച്ചിട്ടുണ്ട്. കായിക മത്സരങ്ങളുടെ സ്‌കോര്‍ ബോര്‍ഡ്, കോര്‍പ്പറേറ്റ് വരുമാന റിപ്പോര്‍ട്ടുകള്‍ എന്നിവയെ ചെറിയ വാര്‍ത്താ കുറിപ്പുകളാക്കി മാറ്റാനായിരുന്നു ഇത്.

Top