കോണ്‍ഗ്രസ്സിനെ എഴുതിതള്ളേണ്ട, ശക്തമായി തിരിച്ചുവരുമെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സിനെ എഴുതിതള്ളേണ്ടെന്നും 132 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

ചരക്ക് സേവന നികുതി ഒരു നല്ല സംവിധാനമാണ് തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണെന്നും, പരിഭ്രാന്തി പരത്തുകയോ അടിക്കടി മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ ടുഡേക്ക് നല്‍കി അഭിമുഖത്തിലാണ് മുഖര്‍ജിയുടെ പ്രതികരണം.

ഹിന്ദി സംസാരിക്കാനറിയാത്ത താന്‍ ഒരിക്കലും ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം കണ്ടിട്ടില്ലെന്നും മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയായി നിശ്ചയിച്ചപ്പോള്‍ നിരാശ തോന്നിയില്ലെന്നും പ്രണബ് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും അര്‍ഹനല്ലെന്നാണ് സ്വയം കരുതിയിരുന്നത്. പ്രധാന ന്യൂനത കരിയറിലെ ഭൂരിഭാഗം കാലത്തും ഞാന്‍ രാജ്യസഭ അംഗമായിരുന്നു എന്നത് തന്നെ. 2004ല്‍ മാത്രമാണ് ഞാന്‍ ലോക്‌സഭയിലേക്ക് വിജയിച്ചത്. രണ്ടാമത് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും എനിക്ക് ഹിന്ദി അറിയില്ലായിരുന്നു. ഹിന്ദി അറിയാതെ ആരും പ്രധാനമന്ത്രിയാകാന്‍ തുനിയരുത്. ഹിന്ദി അറിയില്ലെങ്കില്‍ പ്രധാനമന്ത്രി പദമില്ലെന്ന് കാമരാജ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സോണിയഗാന്ധിയുമായി ആദ്യം നല്ല ബന്ധത്തിലായിരുന്നെങ്കിലും വാജ്‌പേയ് സര്‍ക്കാര്‍ രൂപീകരിച്ചതോടെ ഈ ബന്ധത്തില്‍ മാറ്റമുണ്ടാകാന്‍ തുടങ്ങിയെന്നും പ്രണബ് വ്യക്തമാക്കി.

Top