ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും. പ്രദേശിക ഡിഡി ചാനലുകളിലൂടെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്കു, ബംഗ്ലാ, കന്നഡ എന്നീ ആറ് ഭാഷകളിലാവും പരിമിത ഓവര്‍ മത്സരങ്ങളുടെ സംപ്രേഷണം. ഈ മാസം 12 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. ജൂലായ് 12ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ പര്യടനത്തിനു തുടക്കമാകും.
രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ടെസ്റ്റ് ജൂലൈ 20 മുതല്‍ ആരംഭിക്കും. ഈ ടെസ്റ്റ് പരമ്പരയാണ് വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങള്‍. പര്യടനത്തിലെ ഏകദിന പോരാട്ടങ്ങള്‍ ജൂലായ് 27, 29, ഓഗസ്റ്റ് ഒന്ന് തീയതികളില്‍ നടക്കും. ടി-20 പരമ്പര ഓഗസ്റ്റ് മൂന്ന് മുതലാണ്. ആറ്, എട്ട്, 12, 13 തീയതികളിലാണ് മറ്റ് ടി-20 മത്സരങ്ങള്‍. അവസാനത്തെ രണ്ട് ടി-20കള്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലാണ്.
മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന, ടി-20 ടീമുകളി ഉള്‍പ്പെട്ടിട്ടുണ്ട്. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് ആണിത്. രോഹിത് ശര്‍മക്കും വിരാട് കോലിക്കും ടി-20 ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്.