ബഹാമസ്: കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമസില്‍ ആഞ്ഞു വീശിയ ഡോറിയന്‍ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്. ഡോറിയന്‍ ചുഴലിക്കൊടുങ്കാറ്റില്‍ കഴിഞ്ഞ ദിവസം ബഹാമസില്‍ വന്‍ നാശനഷ്ടം ഉണ്ടായിരുന്നു.
ബഹാമസിലെ അബാക്കോയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യം പ്രവേശിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കന്‍ തീരത്തെത്തുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍. കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന കാറ്റ് വീശുന്നത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണ്. സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. ഫ്ളോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും ഫെഡറല്‍ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.